Don't Miss
 

 

ലോ പോയിന്റ്‌ : ക്ലൈമാക്സ് മനം കവരും

നിധിന്‍ ഡേവിസ്  | May/1/2014
image

ഒരു ഇടത്തരം സിനിമയുടെ വേഗതയോടെയും, ആഖ്യാനരീതിയോടെയും നീങ്ങിയ ഈ ചിത്രം അവസാന ഇരുപ്പത് മിനിറ്റുകള്‍ക്കൊണ്ട് ഒരു മേല്‍ത്തരം ആസ്വാദനസിനിമയുടെ തലത്തിലേക്ക് ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ചിത്രം പൂര്‍ണ്ണമായി കണ്ടിറങ്ങുന്ന പ്രേക്ഷകന് സംതൃപ്തി നല്കുനുണ്ട് ഈ സിനിമ.

സത്യാ, കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രം വളരെ പ്രശസ്തനായ ക്രിമിനല്‍ ലോയരാണ്. തന്‍റെ അടുക്കല്‍ വരുന്ന കക്ഷികളെ രക്ഷിക്കുവാന്‍ ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത സത്യാ, തന്‍റെ കഴിവുകൊണ്ടും, ബുദ്ധി സാമര്‍ത്ഥ്യം കൊണ്ടും വളരെ ചെറുപ്പത്തില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തി. സത്യയ്ക്ക് ലഭിക്കുന്ന പുതിയ കേസില്‍, തന്‍റെ ആത്മഹത്യയ്ക്കു കാരണം കാമുകനാണ് എന്ന് എഴുതിവച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച മായ എന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പ്രതിഭാഗത്ത്‌ വരുന്നത്. 

കേസ് രജിസ്റ്റര്‍ ചെയാതെ തന്നെ മായയെയും മായയുടെ ഡാഡിയെയും  അനുനയിപ്പിക്കാന്നും അങ്ങനെ കേസ് ഒത്തുതീര്‍പ്പിലാക്കാനും ശ്രമിക്കുന്ന സത്യയ്ക്ക് പ്രതീക്ഷിച്ച പ്രതികരണമല്ല മായയില്‍നിന്നു ലഭിച്ചത്. വളരെയധികം ബുദ്ധിസാമര്‍ത്ഥ്യമുള്ള മായയെ അനുനയിപ്പിക്കുവാന്‍ സത്യയ്ക്ക് സാധിക്കുമോ? അദ്ദേഹം ഈ കേസില്‍ ജയിക്കുമോ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ സിനിമയുടെ ഇതിവൃത്തം.

കുഞ്ചാക്കോ ബോബന്‍ തന്‍റെ കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളസിനിമയില്‍ നായകനൊപ്പം മുഴുനീള കഥാപാത്രമായി നില്‍ക്കുന്ന നായികമാര്‍ വളരെ വിരളമായുള്ളു. അതുകൊണ്ടുതന്നെ സിനിമയിലുടനീളം നായകനൊപ്പത്തിനൊപ്പം നില്‍ക്കുകയും പലപ്പോഴും നായകനെക്കാള്‍ മുന്പ്പിട്ടു നില്‍ക്കുകയും ചെയുന്ന മായ എന്ന കഥാപാത്രം നമിത പ്രമോദിന്റെ ഇതുവരെയുള്ള സിനിമജീവിതത്തില്‍ മികച്ചതാണ്. മായയുടെ ഡാഡിയായി ജോയ് മാത്യുവും നന്നായിട്ടുണ്ട്. മെജോ ജോസഫിന്‍റെ സംഗീതവും ബിജിബാലിന്റെ പശ്ചാത്തലസംഗീതവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. നെയിലിന്റെ ക്യാമറയും കൊള്ളാം.

ദേവദാസിന്റെ തിരകഥയില്‍ ആദ്യം പലപ്പോഴും ഇഴച്ചില്‍ അനുഭവപ്പെട്ടിരുന്നു. പക്ഷെ അവസാന നിമിഷങ്ങളില്‍ അതെല്ലാം അകറ്റികളയുവാന്നും സിനിമയെ പൂര്‍ണ്ണതയില്‍ എത്തിക്കുവാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഫ്രൈഡയ്ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം മികവു പുലര്‍ത്തുനുണ്ട്. ഒരു ഇടത്തരം സിനിമയുടെ മൂഡിലൂടെ സിനിമയെ നയിക്കുവാനുള്ള സംവിധായകന്റെ തീരുമാനം നന്നായി. അതുകൊണ്ടുതന്നെ ഒരു ഇടത്തരം സിനിമ പ്രതീക്ഷിച്ച പ്രേക്ഷകന് സിനിമയുടെ അവസാന നിമിഷങ്ങള്‍ പ്രതീക്ഷിക്കാത്ത ബോണസായി.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.